എന്റെ പൊന്നു കാവൽ മാലാഖേ
എന്റെ പൊന്നു കാവൽ മാലാഖേ, എപ്പോഴും എന്നെ ചേർത്തുപിടിക്കാനും കൂടെയുണ്ടാകാനുമായി ദൈവം നിയോഗിച്ച എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരാ...
അങ്ങയുടെ കരുതലിന്റെ തണലിൽ ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നു. ഞാൻ ഉണർന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും ഒരു നിമിഷം പോലും എന്നെ വിട്ടുപോകരുതേ. കണ്ണ് തെറ്റുമ്പോഴോ വീണുപോകുമ്പോഴോ കൈപിടിച്ചുയർത്താൻ അങ്ങ് അരികിലുണ്ടാകണേ. എന്റെ മനസ്സ് കലങ്ങുമ്പോൾ ഒരു സാന്ത്വനമായി, തളരുമ്പോൾ ഒരു കരുതലായി എന്നെ ചേർത്തുപിടിക്കണമേ.
തെറ്റായ വഴികളിലേക്ക് എന്റെ കാലുകൾ നീണ്ടുപോകാതെ, എന്നും നന്മയുടെയും സ്നേഹത്തിന്റെയും പാതയിൽ എന്നെ നടത്തിക്കണേ. എന്റെ ചിന്തകളിലും വാക്കുകളിലും പ്രവൃത്തികളിലും എപ്പോഴും നന്മ മാത്രം നിറയ്ക്കണമേ.
എന്റെ ജനനം മുതൽ മരണം വരെയുള്ള ഈ യാത്രയിൽ ഒടുവിൽ, സ്നേഹനിധിയായ ആ ദൈവത്തിന്റെ കരങ്ങളിലേക്ക് എന്നെ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ വിശുദ്ധിയോടെ തിരികെ ഏൽപ്പിക്കണേ, ആമ്മേൻ.
✝️ കത്തോലിക്ക സഭ കാവൽ മാലാഖമാരെക്കുറിച്ച് എന്തു പഠിപ്പിക്കുന്നു?
കത്തോലിക്ക സഭയുടെ ഔദ്യോഗിക ഗ്രന്ഥമായ കത്തോലിക്ക സഭയുടെ Catechism (CCC 336) വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: "ഓരോ വിശ്വാസിയുടെയും അരികിൽ, അവരെ ജീവനിലേക്ക് നയിക്കുന്ന സംരക്ഷകനും ഇടയനുമായി ഒരു മാലാഖ നിലകൊള്ളുന്നു. ജനനം മുതൽ മരണം വരെ മനുഷ്യജീവിതം അവരുടെ ജാഗ്രതാപൂർവ്വമായ കരുതലിനാൽ ചുറ്റപ്പെട്ടിരിക്കുന്നു."
📖 ബൈബിൾ റെഫറൻസുകൾ
- മത്തായി 18:10 - 11 "ഈ ചെറിയവരില്‍ ആരെയും നിന്ദിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക. സ്വര്‍ഗത്തില്‍ അവരുടെ ദൂതന്‍മാര്‍ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു." (ഈ വചനത്തിലൂടെ ഈശോ തന്നെ കാവൽ മാലാഖമാരുടെ സാന്നിധ്യവും ദൈവത്തോടുള്ള അവരുടെ അടുപ്പവും സ്ഥിരീകരിക്കുന്നു).
- സങ്കീർത്തനങ്ങൾ 91:11-12: "
- നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും. നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും."
- പുറപ്പാട് 23:20: "ഇതാ, ഒരു ദൂതനെ നിനക്കുമുന്‍പേ ഞാന്‍ അയയ്ക്കുന്നു. അവന്‍ നിന്റെ വഴിയില്‍ നിന്നെ കാത്തുകൊള്ളും; ഞാന്‍ ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുവരുകയും ചെയ്യും."
Reviewed by Thomas
on
10:43 PM
Rating:




No comments:
Post a Comment