🔹 വിശുദ്ധ മിഖായേൽ – ദൈവസേനയുടെ നായകൻ
ക്രിസ്തീയ വിശ്വാസത്തിലെ പ്രധാന മാലാഖമാരിൽ ഒരാളായ വിശുദ്ധ മിഖായേൽ ദൈവജനത്തെ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട ദൈവിക സൈന്യത്തിൻ്റെ നായകനാണ്. വിശുദ്ധ ബൈബിളിൽ, അദ്ദേഹം വലിയൊരു പോരാട്ടത്തിൽ സാത്താനെ പരാജയപ്പെടുത്തിയ ദൈവദൂതനാണ് .
🔹 ദുഷ്ടശക്തികളിൽ നിന്ന് മോചനം നേടാൻ ഈ പ്രാർത്ഥന 🔥
ജീവിതത്തിൽ പലപ്പോഴും നാം അജ്ഞാതമായ വെല്ലുവിളികളിലും ആത്മീയ പോരാട്ടങ്ങളിലും അകപ്പെട്ടുപോകാറുണ്ട്. ദുഷ്ടശക്തികൾ ജീവിതത്തിൽ അനാവശ്യ പ്രയാസങ്ങൾ ഉണ്ടാക്കുമ്പോൾ, വിശുദ്ധ മിഖായേലിന്റെ പ്രാർത്ഥന നമ്മെ അതിൽ നിന്ന് മോചിപ്പിക്കും. ദൈവത്തിൻ്റെ ശക്തിയാൽ അഭയവും സംരക്ഷണവും തേടാൻ ഈ പ്രാർത്ഥന സഹായിക്കുന്നു..
🎥
ഈ പ്രാർത്ഥനയിലൂടെ ദൈവത്തിൻ്റെ അനുഗ്രഹം പ്രാപിക്കാൻ താഴെയുള്ള വീഡിയോ
കാണുക:
🔹 വിശുദ്ധ മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥന

“പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ
മുഖ്യ ദൂതനായിരിക്കുന്ന വിശുദ്ധ മിഖായേൽ മാലാഖേ,
ആത്മീയ പോരാട്ടത്തിൽ എന്നെ സഹായിക്കണമേ. അങ്ങ് എന്റെ പക്ഷം ചേരുകയും ശത്രുവിന്റെ സകല ശക്തികൾക്കും എതിരായി സ്വർഗ്ഗീയ സൈന്യവ്യൂഹങ്ങളോടൊപ്പം പൊരുതുകയും ചെയ്യണമേ.
അങ്ങയുടെ ഊരിയ വാളിന്റെ മുനയുടെ മൂർച്ചയും, അങ്ങയുടെ സൈന്യത്തിന്റെ ബലവും ബാഹുല്യവും ദുഷ്ട സാത്താനും അവന്റെ സംഘത്തിനും നല്ലതുപോലെ അറിവുള്ളതാണല്ലോ. അങ്ങയുടെ സ്വർഗ്ഗീയ അധികാരത്തിന്റെ പ്രകാശപൂർണ്ണമായ സാന്നിധ്യത്തിൽ, അന്ധകാര ശക്തികൾ അകന്നു പാലായനം ചെയ്യട്ടെ. തന്ത്രപൂർവ്വം ചതിക്കുകയും ദൈവകൃപയിൽ നിന്ന് അകറ്റുകയും ചെയ്യുന്ന സാത്താനെയും അവന്റെ കൂട്ടാളികളെയും ആട്ടിയകറ്റണമേ.
അവന്റെ എല്ലാ ദുഷിച്ച ഉദ്യമങ്ങളെയും പദ്ധതികളെയും പാടെ തകർക്കണമേ. നാശം വിതയ്ക്കുന്ന സാത്താനെ ബന്ധിച്ച് നരകത്തിൽ തള്ളണമേ. അലറുന്ന സാത്താന്റെ ഭീകര പ്രവർത്തികൾക്ക് അറുതി വരുത്തണമേ. ദുഷ്ടൻറെ ആധിപത്യമുള്ള വ്യക്തികളിൽ നിന്നും, വസ്തുക്കളിൽ നിന്നും, സ്ഥലങ്ങളിൽ നിന്നും, അന്തരീക്ഷ ശക്തികളിൽ നിന്നും, നിഗൂഢവും പ്രകടവുമായ എനിക്ക് അറിയാവുന്നതും ഇല്ലാത്തതുമായ എല്ലാ മേഖലകളിൽ നിന്നും, എനിക്കും എന്റെ ശുശ്രൂഷകൾക്കും കുടുംബത്തിനും യാത്രകൾക്കും സ്വർഗ്ഗീയമായ കാവലും കരുതലും നൽകണമേ.
അതുവഴി, അപകടങ്ങൾ, ആപത്തുകൾ, അനർത്ഥങ്ങൾ എല്ലാം നീങ്ങി പോകട്ടെ. വിശുദ്ധ മിഖായേൽ മാലാഖേ, ദൈവവചനം ധ്യാനിക്കുവാനും അനുസരിക്കുവാനും, ദൈവാത്മാവിനാൽ നിറഞ്ഞ് ദൈവിക ജ്ഞാനത്താൽ നയിക്കപ്പെടുവാനും, ദൈവഹിതം അറിഞ്ഞ് അനുവർത്തിക്കുവാനും, ദൈവത്തിന് പരിപൂർണമായി സമർപ്പിക്കപ്പെട്ട ജീവിതം നയിക്കുവാനും തടസ്സം നിൽക്കുന്ന സർവ്വോപരി ആത്മനാശത്തിന് കാരണമായ വിധത്തിൽ പലവിധ തഴക്ക ദോഷങ്ങൾക്ക് അടിമപ്പെടുത്തുകയും, വിശ്വാസ ജീവിതം നരകതുല്യമാക്കുകയും ചെയ്യുന്ന ദുഷ്ട സാത്താനെ, അവന്റെ എല്ലാ സംഘങ്ങളോടും ഒപ്പം നിത്യ നരകാഗ്നിയിലേക്ക് തള്ളണമേ.
മടി, അലസത, ആസക്തികൾ, എല്ലാം വൈകുന്ന നീട്ടിവെക്കുന്ന സ്വഭാവ ദൂഷ്യങ്ങളും, തിന്മ വിട്ടുപേക്ഷിക്കുവാൻ കഴിയാത്ത ബലഹീന പ്രവണതകളും, കൂദാശകളോടും ദൈവാരാധനകളോടുമുള്ള മടുപ്പ്, താല്പര്യമില്ലായ്മ, അവിശ്വാസം, ഇതിനു കാരണമായ വിധത്തിൽ പ്രവർത്തിക്കുന്ന നാരകീയ ശക്തികളുടെ എല്ലാ അരൂപികളെയും അങ്ങ് ബന്ധിക്കണമേ.
ഇവയിൽ നിന്നെല്ലാം, എനിക്കും എന്റെ കുടുംബത്തിനും ശുശ്രൂഷകൾക്കും, അങ്ങ് വിടുതലും സംരക്ഷണവും നൽകണമേ. എന്റെ കുടുംബത്തെ സംരക്ഷിച്ച് പരിപാലിക്കണമേ. കുടുംബാംഗങ്ങളുടെ കുറവുകളും പോരായ്മകളും എന്റെ ശുശ്രൂഷ ജീവിതത്തെ തടസ്സപ്പെടുത്താതിരിക്കട്ടെ.
യുദ്ധം മുറുകിയപ്പോൾ, സ്വർണക്കടിഞ്ഞാണിട്ട കുതിരപ്പുറത്ത് സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വരികയും, മുറിവുകൾ ഏൽക്കാതെ ജീവൻ സംരക്ഷിക്കുവാൻ യൂദാസ് മക്കബയോസിനും സംഘത്തിനും കോട്ടകെട്ടി സംരക്ഷണം നൽകിയതുപോലെ, ഈ ആത്മീയ പോരാട്ടത്തിൽ എന്നെയും എന്റെ കുടുംബത്തെയും ശുശ്രൂഷകളെയും എപ്പോഴും സംരക്ഷിക്കണമേ.
ദാനിയേൽ 12:1 തിരുവചനപ്രകാരം, ഈ അവസാന നാളുകളിൽ, മഹാപ്രഭുവായ ദൈവജനത്തിന്റെ കാവൽക്കാരനും സംരക്ഷകനുമായ വിശുദ്ധ മിഖായേലെ, അങ്ങ് ഉണർന്നെഴുന്നേൽക്കണമേ. വെളിപാട് 20:1 തിരുവചനപ്രകാരം, അങ്ങ് സാത്താനെ ബന്ധിച്ച് നിത്യ നരകത്തിൽ തള്ളണമേ. തിരുസഭയെയും ലോകജനതയെയും അങ്ങ് സംരക്ഷിക്കണമേ. ലോകത്തിൽ സമാധാനം പുനസ്ഥാപിക്കണമേ.
എന്റെയും എന്റെ കുടുംബത്തിന്റെയും പൂർവികരുടെയും ജീവിതത്തിൽ വന്നുപോയിട്ടുള്ള വീഴ്ചകൾ, പ്രത്യേകിച്ച് ദൈവകല്പനകളുടെ ലംഘനങ്ങൾ, ദൈവത്തിന്റെ പരിശുദ്ധിക്കും സ്നേഹത്തിനും നിരക്കാത്ത പ്രവർത്തികൾ, തന്നോട് തന്നെയും കുടുംബത്തോടും തിരുസഭയോടും കൂദാശകളോടും പൗരോഹിത്യ ശുശ്രൂഷകളോടും സമർപ്പിത ജീവിതങ്ങളോടും ആത്മീയ പിതാക്കന്മാരോടും സർവ്വശക്തനായ ദൈവമേ, അങ്ങയോടുമുള്ള ബന്ധത്തിലും വന്നു പോയിട്ടുള്ള ചെറുതും വലുതുമായ മനസ്സറിവോടെയും അല്ലാതെയും ചെയ്തുപോയ സകല പാപങ്ങൾക്കും കാരണമായ പൈശാചിക ശക്തികളുടെ ആധിപത്യങ്ങളെ തകർക്കണമേ.
1 യോഹന്നാൻ 2:2 തിരുവചനപ്രകാരം, യേശുക്രിസ്തുവിന്റെ ലോകം മുഴുവനും വേണ്ടിയുള്ള പരിഹാരബലിയിൽ ആശ്രയിച്ച്, എനിക്കും കുടുംബത്തിനും തലമുറകൾക്കുമായി മാപ്പ് ചോദിച്ച് പ്രാർത്ഥിക്കുമ്പോൾ, ഞങ്ങളുടെ കുടുംബത്തിലും തലമുറകളിലും ആധിപത്യം ഉറപ്പിച്ചിട്ടുള്ള എല്ലാ സാത്താനിക ശക്തികളുടെ അധികാരങ്ങളെയും അവകാശങ്ങളെയും, വിശുദ്ധ മിഖായേലെ, അങ്ങ് വെട്ടി അകറ്റണമേ.
ഒന്നിലും പുരോഗതിയില്ലാത്ത നരകിച്ച ദരിദ്രമായ എല്ലാ അവസ്ഥകളും മാറിപ്പോകട്ടെ. പിശാച് തലമുറ തലമുറയായി തടഞ്ഞു വെച്ചിട്ടുള്ള ആത്മീയവും ഭൗതികവുമായ എല്ലാ അനുഗ്രഹങ്ങളും ഈ തലമുറയിൽ വന്നുചേരട്ടെ. അങ്ങനെ, കർത്താവിൽ ആശ്രയിച്ചു ജീവിക്കുന്ന ഞങ്ങളെല്ലാം, എല്ലാ മേഖലയിലും അനുഗ്രഹവും അഭിഷേകവും പ്രാപിച്ചവരായി ലോകത്തിൽ കാണപ്പെടട്ടെ, അറിയപ്പെടട്ടെ, ഉയർത്തപ്പെടട്ടെ. അങ്ങനെ, തന്നിൽ ആശ്രയിക്കുന്നവരെ പരിപാലിക്കുന്ന ദൈവമഹത്വം ലോകത്തിൽ വെളിപ്പെടട്ടെ.
കുടുംബജീവിതത്തിലും ശുശ്രൂഷ മേഖലകളിലും വഴക്കുകളും വൈരാഗ്യങ്ങളും മടുപ്പും, പിന്തിരിപ്പിന്റെ പ്രത്യാശയില്ലാത്ത ചിന്തകളും, രോഗങ്ങളും തകർച്ചകളും, വാക്കുതർക്കങ്ങളും പഴിചാരലുകളും, പരസ്പരമുള്ള കുറ്റാരോപണങ്ങളും, ഇതിനു കാരണമായ വിധത്തിലുള്ള നാരകീയ ശക്തികളുടെ ആധിപത്യങ്ങളെയും അവന്റെ പ്രലോഭനങ്ങളെയും പ്രകോപനങ്ങളെയും, അങ്ങ് ദൂരെ അകറ്റണമേ.
കഴിവുള്ള എല്ലാവിധത്തിലും ദൈവവചന ശുശ്രൂഷ വിപുലമാക്കുവാൻ, വിശുദ്ധ മിഖായേലെ, എന്നെയും എന്റെ സഹ ശുശ്രൂഷകരെയും കുടുംബത്തെയും അങ്ങ് ശക്തിപ്പെടുത്തണമേ. വിശുദ്ധിയോടെ ശുശ്രൂഷ ചെയ്യുവാനും, വിശ്വാസത്തിൽ അടിയുറക്കുവാനും നിലനിൽക്കുവാനും, ദൈവീക പുണ്യത്തിൽ വളർന്ന് അനേകരെ വളർത്തുവാനും, നശിക്കുന്ന ആത്മാക്കളെ നേടുവാനും, തിരുസഭയുടെ ഉണർവിനും വളർച്ചയ്ക്കുമായി മഹത്വത്തിന്റെ ശുശ്രൂഷ ചെയ്യുവാനും, എന്നെ സഹായിക്കണമേ.
പ്രകടമായ അടയാളത്തോടെ, ശുശ്രൂഷകളിൽ ദൈവശക്തി വെളിപെടുകയും, തിന്മകൾ വിട്ടുപോവുകയും ചെയ്യട്ടെ. ദൈവജനം എന്നോട് ചേർന്ന് ജീവിക്കുന്ന ദൈവത്തെ ആരാധിക്കുവാനും, ഇടയാവട്ടെ. പരസ്പരം ക്ഷമിക്കുവാനും, സഹിക്കുവാനും, കരുണ കാണിക്കുവാനും, എളിമപ്പെടുവാനും, എന്നെ ബലപ്പെടുത്തണമേ. ഇതിന് വിരുദ്ധമായിട്ടുള്ള പൈശാചിക സ്വാധീനങ്ങളെ, അങ്ങ് വിടുവിക്കണമേ.
റോമാ 16:20 തിരുവചനപ്രകാരം, ദുഷ്ട സാത്താന്റെ തല തകർക്കുവാൻ, എന്റെ പാദങ്ങളെ ശക്തിപ്പെടുത്തുകയും, സാത്താന്റെ എല്ലാ ആധിപത്യങ്ങളിൽ നിന്നും ദൈവജനത്തെ വിടുവിക്കുവാനും സ്വതന്ത്രരാക്കുവാനും, സൗഖ്യം നൽകി ഉയർത്തുവാനും, എന്റെ ശുശ്രൂഷകളിൽ എനിക്ക് കോട്ടയായിരിക്കണമേ.
പാപശാപരോഗ ദുരിതങ്ങളിൽ നിന്നും, ജനതകൾ ശുശ്രൂഷകളിലൂടെ വിടുതൽ പ്രാപിക്കുവാൻ ഇടവരുത്തണമേ. അതുവഴി, വ്യക്തികൾ, കുടുംബങ്ങൾ, കൂട്ടായ്മകൾ ഉണരട്ടെ. എല്ലാവരും ദൈവ വചന ശക്തി അറിയട്ടെ, സത്യദൈവത്തിൽ വിശ്വസിക്കട്ടെ, ഏകമനസ്സോടെ ആദിമ സഭയിൽ എന്നവണ്ണം പരിശുദ്ധാത്മ നിറവിനായി കൂട്ടമായി ആരാധിക്കട്ടെ.
തിരുസഭയുടെ പാലകനായ വിശുദ്ധ മിഖായേലെ, ദൈവരാജ്യ ശുശ്രൂഷക്കായി ആവശ്യമായ സമ്പത്തും ഉപകരണങ്ങളും ക്രമീകരിച്ചു നൽകണമേ. ഈ കാലഘട്ടത്തിന് അനുയോജ്യമായ ശുശ്രൂഷ ഏറ്റവും മനോഹരമായി അഭിഷേകം പകർന്നു ചെയ്യുവാൻ, ഉള്ളത് സംരക്ഷിക്കണമേ, ഇല്ലാത്തത് ക്രമീകരിക്കണമേ, കേടായത് ശരിയാക്കണമേ, നഷ്ടപ്പെട്ടത് തിരിച്ചു ലഭിക്കാനും സഹായിക്കണമേ.
മറവിയും, വ്യഗ്രതയും പലവിചാരവും മൂലം, ദൈവരാജ്യ ശുശ്രൂഷ വികലമാകാതിരിക്കട്ടെ. അകാരണമായ ഭയങ്ങളും ആശങ്കകളും എടുത്തു മാറ്റണമേ. അതിനു കാരണമായ പൈശാചിക സ്വാധീനങ്ങളെ, അങ്ങ് ദൂരത്തിൽ അകറ്റണമേ.
നിത്യജീവനിലുള്ള അടിയറച്ച വിശ്വാസത്തിൽ, പൂർണ ധൈര്യത്തോടെ സുവിശേഷ വേല ചെയ്യുവാനും, എന്നെ ശക്തനാക്കണമേ. ലോകത്തിന്റെ വ്യർത്ഥതകളിലും, ജഡത്തിന്റെ ആസക്തികളിലും, എല്ലാവിധ ദുർമോഹങ്ങളിലും അകപ്പെടാതെ, അതിനു കാരണമായ സാത്താന്റെ പ്രലോഭന ശക്തികളെ അടിമപ്പെടുത്തുവാനും, വിശുദ്ധ മിഖായേലെ, എന്നെ സഹായിക്കേണമേ.
പരിശുദ്ധ കന്യാമറിയത്തിന്റെ അമലോത്ഭവ, വിമല, നിർമ്മല ഹൃദയത്തോട് ചേർന്ന് നിൽക്കുവാനും, വിശുദ്ധ യൗസേ പിതാവിന്റെ ദൈവീക നീതിയിലും പൈതൃക സ്നേഹത്തിലും ചേർന്ന് ജീവിക്കുവാനും, യേശുവാകുന്ന വഴിയിലും സത്യത്തിലും ജീവനിലും ആയിരിക്കുവാനും, എന്നെ ബലപ്പെടുത്തണമേ.
അതിനായി, അങ്ങയുടെ സ്വർഗ്ഗീയമായ എല്ലാ അധികാരവും അങ്ങ് പ്രയോജനപ്പെടുത്തണമേ. എന്റെ കാവൽ മാലാഖയോടും, സ്വർഗ്ഗീയ വിശുദ്ധരോടും, എല്ലാ മോക്ഷവാസികളോടും ചേർന്ന്, എനിക്കും എന്റെ കുടുംബത്തിനും ശുശ്രൂഷകൾക്കും സ്വർഗ്ഗീയമായ സംരക്ഷണം നൽകണമേ.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
- അങ്ങയുടെ നാമം പൂജിതമാകണമേ.
- അങ്ങയുടെ രാജ്യം വരേണമേ.
- അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലുമാകണമേ.
- അന്നന്ന് വേണ്ട ആഹാരം ഇന്ന് ഞങ്ങൾക്ക് തരേണമേ.
- ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നത് പോലെ, ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോട് ക്ഷമിക്കണമേ.
- ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ.
- ദുഷ്ടാരൂപിയിൽ ഞങ്ങളെ രക്ഷിക്കണമേ.
എന്തുകൊണ്ടെന്നാൽ, രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമേൻ.
നന്മ നിറഞ്ഞ മറിയമേ, സ്വസ്തി. കർത്താവ് അങ്ങയോടുകൂടെ. സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിൽ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.
പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും, തമ്പുരാനോട് അപേക്ഷിച്ചു കൊള്ളണമേ. ആമേൻ.”
🔹 ഈ പ്രാർത്ഥനയുടെ ശക്തി എന്താണ്?
✅
ആത്മീയ സംരക്ഷണം:
മനസ്സിലാകാത്ത വിഷമങ്ങൾ, ഭയങ്ങൾ, ദുർബലതകൾ എന്നിവയെ അകറ്റാൻ.
✅
അറിവിന്റെയും ശക്തിയുടെയും ഉറവിടം:
ആത്മീയ ജീവിതത്തിൽ കൂടുതൽ ഉറച്ചുനില്ക്കാൻ സഹായിക്കുന്നു.
✅
ശാന്തിയും ആത്മവിശ്വാസവും:
അശാന്തിയെയും ദുഃഖത്തെയും മാറ്റിമാറ്റി ദൈവിക സമാധാനം നൽകുന്നു.
🔹 നിങ്ങളുടെ ജീവിതത്തിൽ മാറ്റം വരുത്താൻ തയ്യാറാകു!
ഈ പ്രാർത്ഥന ദൈവവിശ്വാസികളായ ഏവർക്കും ശക്തിയേറിയ ആയുധമാണ്. വിശുദ്ധ മിഖായേലിന്റെ കരുതലിൽ നിങ്ങളുടെ കുടുംബത്തെയും നിങ്ങളുടെ ആത്മീയജീവിതത്തെയും സമർപ്പിക്കൂ. ഈ പ്രാർത്ഥന ദൈവത്തെ അടുത്തറിയാനും ആത്മീയമായൊരു തണൽ നേടാനുമുള്ള അത്യുത്തമ മാർഗമാണ്.
🙏 ഈ പ്രാർത്ഥന നിങ്ങൾക്കും അനുഗ്രഹമായി തോന്നിയാൽ, നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!
No comments:
Post a Comment