പിറ്റേ ദിവസം രാവിലെ ചാപ്പലിൽ പ്രവേശിച്ചപ്പോൾ, ആത്മാവിൽ ഞാൻ ഇപ്രകാരം കേട്ടു. ഓരോ പ്രാവശ്യം നീ ചാപ്പലിൽ പ്രവേശിക്കുമ്പോൾ, ഇന്നലെ ഞാൻ നിന്നെ പഠിപ്പിച്ച പ്രാർഥന ചൊല്ലുക. ആ പ്രാർഥന ചൊല്ലിയപ്പോൾ, ആത്മാവിൽ ഞാൻ ഇങ്ങനെ കേട്ടു. ഈ പ്രാർത്ഥന എന്റെ ക്രോധത്തെ ശമിപ്പിക്കുന്നു. താഴെ പറയുന്ന രീതിയിൽ, ജപമാല ഉപയോഗിച്ച് ഇത് ഒമ്പത് ദിവസം ചൊല്ലുക. ആദ്യമായി ഒരു സ്വർഗ്ഗസ്ഥനായ പിതാവും, ഒരു നന്മ നിറഞ്ഞ മറിയവും. ഒരു വിശ്വാസ പ്രമാണവും ചൊല്ലണം. പിന്നീട് സ്വർഗ്ഗസ്ഥനായപിതാവിന്റെ സ്ഥാനത്ത് താഴെ പറയുന്ന ജപം ചൊല്ലുക:
“നിത്യ പിതാവേ, ഞങ്ങളുടെയും ലോകം മുഴുവന്റെയും പാപ പരിഹാരത്തിനായി അങ്ങയുടെ ഏറ്റം വത്സല സുതനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്ക്ക് ഞാൻ സമർപ്പിക്കുന്നു.”
നന്മ നിറഞ്ഞ മറിയത്തിന്റെ സ്ഥാനത്ത് ഇപ്രകാരം ചൊല്ലുക:
“ഈശോയുടെ അതിദാരുണമായ പീഡാസഹനത്തെപ്രതി ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കണമേ.”
അവസാനം മൂന്നു പ്രാവശ്യം ഇപ്രകാരം ആവർത്തിക്കുക:
“പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമർതൃനേ, ഞങ്ങളുടെ മേലും, ലോകം മുഴുവന്റെ മേലും കരുണയായിരിക്കണമേ.”
(വി. ഫൗസ്റ്റീനയുടെ ഡയറി, ഖണ്ഡിക 476)
“കരുണയുടെ നൊവേന വഴിയായി ആത്മാക്കളിലേക്ക് എല്ലാ വിധ കൃപാവരങ്ങളും ഞാൻ ഒഴുക്കും”
(ഖണ്ഡിക 796)
ഈ ഒമ്പതു ദിവസങ്ങളിൽ എന്റെ കരുണയുടെ ഉറവിടത്തിലേക്കു നീ ആത്മാക്കളെ കെണ്ടുവരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ അവരുടെ ജീവിതത്തിലെ കഷ്ടപ്പാടുകളിലും ദുരിതങ്ങളിലും പ്രത്യേകിച്ച് മരണ സമയത്തും അവർക്കാവശ്യമായിരിക്കുന്ന ശക്തിയും ആശ്വാസവും, വേണ്ടുന്ന എല്ലാ കൃപകളും അവർ നേടിയെടുക്കട്ടെ. ഓരോ ദിവസവും വ്യത്യസ്തരായ ആത്മാക്കളുടെ സംഘങ്ങളെ എന്റെ ഹൃദയത്തിലേക്കു കൊണ്ടുവരുകയും അവരെ എന്റെ കരുണക്കടലിൽ മുക്കിയെടുക്കുകയും ചെയ്യുക... എന്റെ കരുണയുടെ ഉറവയിലേക്ക് നീ കൊണ്ടുവരുന്ന ആത്മാവിന് ഞാൻ ഒന്നും തന്നെ നിഷേധിക്കുകയില്ല.
(ഖണ്ഡിക 1209)
ദൈവകാരുണ്യ നൊവേന
(നിർദേശങ്ങളും, വാഗ്ദാനങ്ങളും)
ദുഃഖ വെള്ളിയാഴ്ച മുതൽ ഈസ്റ്റർ കഴിഞ്ഞുവരുന്ന ആദ്യഞായർ വരെ ഈ നൊവേന നടത്തുക.
ഈ ഒമ്പതു ദിവസങ്ങളിൽ എല്ലാ ആത്മാക്കളേയും എന്റെ കരുണയുടെ അരുവിയിലേക്ക് നീ നയിക്കണം. ഇതിൽ നിന്നും ജീവിത പരീക്ഷണഘട്ടങ്ങളിലും, പ്രത്യേകിച്ച് മരണ സമയത്തും അവർക്കാവശ്യമായിരിക്കുന്ന ശക്തിയും ആശ്വാസവും വേണ്ടുന്ന എല്ലാ അനുഗ്രഹങ്ങളും ആവോളം അവർ നേടിയെടുക്കട്ടെ. ഒരോ ദിവസവും ഓരോ തരത്തിലുള്ള ആത്മാക്കളെ നീ കുട്ടികൊണ്ടുവരുകയും എന്റെ കരുണക്കടലിൽ മുക്കിയെടുക്കുകയും ചെയ്യുക.
ഈ അനുഗ്രഹ നൊവേനയിലൂടെ എന്തെല്ലാം ചോദിച്ചാലും ഞാൻ തരും എന്ന് കർത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഈ നവനാൾ ദുഃഖവെള്ളിയാഴ്ച മുതൽ നടത്താവുന്നതാണ്. ദിവ്യനാഥൻ കല്പിച്ചിട്ടുളളതെങ്കിലും ആവശ്യാനുസരണം എപ്പോൾ വേണമെങ്കിലും ഇത് നടത്താവുന്നതാണെന്നും അവിടുന്ന് കല്പിച്ചിട്ടുണ്ട്. ആയതിനാൽ ഫലപ്രദമായ ഈ നൊവേന പാപികളുടെ മാനസാന്തരത്തിനായി കൂടെ നടത്തുന്നത് ഉത്തമായിരിക്കും. ഈ ദിവസങ്ങളിൽ കുമ്പസാരിച്ച് വിശുദ്ധ കുർബാന സ്വീകരിക്കുന്നത് ഈശോയുടെ വാഗ്ദാനമനുസരിച്ച് അത്യുത്തമം.
( ഓരോ ദിവസത്തെ നൊവേന പ്രാർഥനയോടെയോടൊപ്പം ഒരു കരുണയുടെ ജപമാലയും തുടർന്ന് ദൈവകാരുണ്യത്തിന്റെ ലുത്തിനിയായും ചൊല്ലേണ്ടതാണ്.)
ഒന്നാം ദിവസം
ഇന്ന്, മനുഷ്യകുലത്തെ മുഴുവനും പ്രത്യേകിച്ച് എല്ലാ പാപികളേയും എന്റെ അടുക്കൽ കൊണ്ടുവരിക. അവരെ എന്റെ കരുണക്കടലിൽ മുക്കിയെടുക്കുക. അങ്ങനെ ആത്മാക്കളുടെ നഷ്ടം മൂലം ഞാൻ അനുഭവിക്കുന്ന വേദനാജനകമായ ദുഃഖത്തിൽ എന്നെ നീ ആശ്വസിപ്പിക്കും.
(ഖണ്ഡിക 1210)
(നിയോഗം: എല്ലാ പാപികളുടെയും മാനസാന്തരത്തിനായും അവരുടെമേൽ ദൈവത്തിന്റെ കരുണ നിറയുന്നതിനായും പ്രാർഥിക്കുക)
നിത്യപിതാവേ! ഏറ്റവും കരുണയുള്ള അങ്ങയുടെ ഹ്യദയത്തിൽ എല്ലാ പാപികളേയും നിത്യമായി അങ്ങേ അനന്ത കരുണയിൽ സ്വീകരിക്കണം. ഏറ്റവും കരുണയുള്ള ഈശോയേ! ഞങ്ങളോട് ക്ഷമിക്കണമേ. ഞങ്ങളുടെ പാപങ്ങളെ നോക്കരുതേ. അനന്ത നന്മയായ അങ്ങിൽ ഞങ്ങൾ ശരണപ്പെടുന്നു. അങ്ങയുടെ ഏറ്റവും കരുണയുള്ള ഹൃദയത്തിൽ ഞങ്ങളെ സ്വീകരിക്കണമേ. അങ്ങിൽ നിന്ന് ഒരിക്കലും വിട്ടുനിൽക്കാൻ ഇടയാക്കല്ലേ പിതാവിനോടും, പരിശുദ്ധാത്മാവിനോടും നിന്നെ ഒന്നിപ്പിക്കുന്ന സ്നേഹം ഞങ്ങൾ യാചിക്കുന്നു. കർത്താവീശോമിശിഹായുടെ കാര്യണ്യത്തിന്റെ സർവ്വശക്തിയെ എപ്പോഴും എന്നേക്കും പുകഴ്ത്തട്ടെ.
1 സ്വ. 1 നന്മ. 1 ത്രീത്വ.
കരുണയുടെ ജപമാല ....
കാരുണ്യത്തിന്റെ ലുത്തിനിയ …
രണ്ടാം ദിവസം
ഇന്ന് സകല വൈദികരുടെയും സന്യസ്തരുടെയും ആത്മാക്കളെ എന്റെ അടുക്കൽ കൊണ്ടുവരിക. അവരെ ആഴമളക്കാനാവാത്ത എന്റെ കരുണ കടലിൽ മുക്കിയെടുക്കുക. കറിയ പീഡനങ്ങൾ സഹിക്കുന്നതിനും പ്രാപ്തി അവരാണ് എനിക്ക് നൽകിയത്. കൈവഴികളിലൂടെ വെള്ളം വിതരണ ചെയ്യപ്പെടുന്നതുപോലെ അവരിലൂടെ എന്റെ കരുണ ഞാൻ മനുഷ്യകുലത്തിനും നൽകുന്നു.
(ഖണ്ഡിക 1212)
(നിയോഗം: വൈദികരും സന്യസ്തരും കൂടുതൽ വിശുദ്ധീകരിക്കപ്പെടാനും അങ്ങനെ ദൈവത്തിന്റെ കരുണ അവരിലും മനുഷ്യ സമൂഹത്തിനും മുഴുവൻ ലഭ്യമാകുവാനും വേണ്ടി പ്രാർഥിക്കുക)
ഏറ്റവും കരുണയുളള ഈശോയേ എല്ലാ നന്മകളുടെയും ഉറവിടമേ! അങ്ങയുടെ പ്രസാദവരങ്ങൾ ഞങ്ങളിൽ വർദ്ധിപ്പിക്കണമേ കരുണയുടെ പ്രവർത്തികൾ ചെയ്യുവാനും അതുവഴി ഞങ്ങളെ കാണുന്നവരെല്ലാം കരുണയുടെ പിതാവിനെ പുകഴ്ത്തുവാനും ഇടവരട്ടെ.
നിത്യനായ പിതാവേ ! കരുനാദ്രമായ അങ്ങയുടെ കണ്ണുകൾ അങ്ങയുടെ മുന്തിരി തോപിലെ തെരെഞ്ഞെടുക്കപെട്ട വേലകാരായ സന്യസ്തരുടെയും വൈദികരുടെയും നേർക്ക് തിരിക്കണമേ. അങ്ങയുടെ അനുഗ്രഹങ്ങൾ കൊണ്ട് അവരെ ആഭരണം അണിയികേണമേ. അങ്ങയുടെ തിരുകുമാരന്റെ തിരുഹൃദയത്തോടുള്ള സ്നേഹത്താൽ മുദ്രയിടപ്പെട്ടിരിക്കുന്ന അവർക്ക് അങ്ങയുടെ ശക്തിയും പ്രകാശവും പ്രദാനം ചെയ്യണമേ. അങ്ങനെ അവർ മറ്റുള്ളവരെയും രക്ഷയുടെ മാർഗ്ഗത്തിലേക്ക് നയിക്കുന്നതിനും ഏകസ്വരത്തിൽ അങ്ങയുടെ അളവി ല്ലാത്ത കരുണയെ പാടിപ്പുകഴ് ത്തുന്നതിനും ഇടയാക്കട്ടെ. ആമേൻ.
1 സ്വ. 1 നന്മ. 1 ത്രീത്വ.
കരുണയുടെ ജപമാല ....
കാരുണ്യത്തിന്റെ ലുത്തിനിയ …
മൂന്നാം ദിവസം
ഭക്തി തീക്ഷണതയും വിശ്വസ്തതയുമുള്ള എല്ലാ ആത്മ ക്കളെയും ഇന്ന് എന്റെ അടുക്കൽ കൊണ്ടുവരിക. എന്റെ കരുണാസാഗരത്തിൽ അവരെ മുക്കിയെടുക്കുക. കുരിശിന്റെ വഴിയിൽ എനിക്ക് ആശ്വാസം പകർന്നത് ഈ ആത്മാക്കളാണ്. കയ്പേറിയ കദന കടലിന്റെ നടുവിൽ ആശ്വാസത്തിന്റെ തുള്ളികൾ പകർന്ന് അവരായിരുന്നു.
(ഖണ്ഡിക 1214)
(നിയോഗം: ഭക്തിയും തീക്ഷണതയും വിശ്വസ്തതയുമുള്ള ദൈവ വിശ്വാസികൾക്ക് ദൈവ കരുണ സമൃദ്ധമായി ലഭിക്കുന്നതിനും ആത്മീയ ശക്തി ജ്വലിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുക)
ഏറ്റവും കരുണയുള്ള ഈശോയെ, അങ്ങയുടെ കരുണയുടെ നിക്ഷേപത്തിൽ നിന്നും ഞങ്ങൾക്കെല്ലാവർക്കും സമൃദ്ധമായ അളവിൽ പ്രസാദവരങ്ങൾ വർഷിക്കണമേ. സഹതാപ നിർഭരമായ അങ്ങയുടെ ഹൃദയത്തിൽ ഞങ്ങൾക്ക് അഭയം നൽകണമേ. അവിടെ നിന്ന് അകന്നുപോകുവാൻ ഞങ്ങളെ അനുവദിക്കരുതേ. സ്വർഗ്ഗസ്ഥനായ പിതാവിനോടുള്ള സ്നേഹത്താൽ അതി തീക്ഷ്ണമായി ജ്വലിച്ചുകൊണ്ടിരിക്കുന്ന അങ്ങയുടെ ഹൃദയത്തെ പ്രതി ഈ അനുഗ്രഹം ഞങ്ങൾ അങ്ങയോട് യാചിക്കുന്നു.
നിത്യനായ പിതാവേ, വിശ്വാസികളുടെ ആത്മാക്കളുടെ മേൽ കരുണാർദ്രമായ അങ്ങയുടെ നോട്ടം പതിക്കണമേ. അവർ അങ്ങയുടെ പുത്രന്റെ അനന്താരാവകാശികളാണല്ലോ. അങ്ങേ പുത്രന്റെ കഠിന പീഢകളെ പ്രതി അങ്ങയുടെ അനുഗ്രഹങ്ങൾ അവരിൽ ചോരിയണമേ. അങ്ങയുടെ നിരന്തരമായ സംരക്ഷണം അവരോടുകൂടെ ഉണ്ടായിരിക്കണമേ. അങ്ങനെ അവർ അങ്ങയോടുള്ള സ്നേഹത്തിൽ പരാജയപ്പെടാതിരിക്കട്ടെ. അങ്ങിലുള്ള പരിശുദ്ധമായ വിശ്വാസത്താൽ അവർ ഉറച്ച് നിൽക്കട്ടെ. സ്വർഗത്തിലുള്ള എല്ലാ മാലാഖമാരോടും വിശുദ്ധന്മാരോടും അങ്ങയുടെ അളവില്ലാത്ത കരുണയെ മഹത്വപ്പെടുത്തുന്നതിന് അവർക്കിടയാകട്ടെ എപ്പോഴും എന്നേക്കും. ആമേൻ.
1 സ്വ. 1 നന്മ. 1 ത്രീത്വ.
കരുണയുടെ ജപമാല ....
കാരുണ്യത്തിന്റെ ലുത്തിനിയ …
നാലാം ദിവസം
“അവിശ്വാസികളെയും, ഇതുവരെ എന്നെ അറിയാത്തവരെയും ഇന്ന് എന്റെ അടുക്കൽ കൊണ്ടുവരിക. എന്റെ കയ്പേറിയ പീഡാസഹന സമയത്ത് അവർ എന്റെ സ്മരണയിലുണ്ടായിരുന്നു. ഭാവിയിൽ അവർക്കുണ്ടാകാനിരിക്കുന്ന തീഷ്ണത എന്റെ ഹൃദയത്തെ ആശ്വസിപ്പിച്ചു. അവരെ എന്റെ കരുണക്കടലിൽ മുക്കിയെടുക്കുക.”
(ഖണ്ഡിക 1216)
(നിയോഗം: അവിശ്വാസികളും യേശുവിനെ അറിയാത്തവരും ദൈവത്തിന്റെ കരുണയിൽ നിറയപ്പെട്ട് ദൈവ സന്നിധിയിൽ പ്രവേശിക്കുന്നതിനു വേണ്ടി പ്രാർഥിക്കുക)
ഏറ്റവും സഹതാപാർദ്രമായ എന്റെ ഈശോയെ, അങ്ങാകുന്നു ലോകം മുഴുവന്റെയും വെളിച്ചം. ദയാ നിർഭരമായ അങ്ങയുടെ ഹൃദയത്തിൽ അവിശ്വാസികളുടെയും അങ്ങേ അറിയാത്തവരുടെയും ആത്മാക്കളെ സ്വീകരിക്കണമേ. അങ്ങയുടെ കൃപാകിരണങ്ങൾ അവരെ പ്രകാശിപ്പിക്കുകയും അങ്ങനെ മഹനീയമായ അങ്ങയുടെ കരുണയെ അവർ വാഴ്ത്തുവാൻ ഇടയാവുകയും ചെയ്യട്ടെ. കരുണാസമ്പന്നമായ അങ്ങയുടെ ഹൃദയത്തിൽ നിന്ന് അകന്നുപോകുവാൻ അവരെ അനുവദിക്കരുതേ.
നിത്യനായ പിതാവേ അങ്ങയിൽ വിശ്വസിക്കാത്തവരും അങ്ങയെ അറിയാത്തവരും ആണെങ്കിലും ഈശോയുടെ ദയനിറഞ്ഞ ഹൃദയത്തിൽ സ്ഥാനം ലഭിച്ചിരിക്കുന്ന ആത്മാക്കളുടെ മേൽ അങ്ങയുടെ കരുണാകടാക്ഷം ഉണ്ടാകണമേ. സുവിശേഷ വെളിച്ചത്തിലേക്ക് അവരെ ആനയിക്കണമേ. അങ്ങയെ സ്നേഹിക്കുക എത്ര ആനന്ദപ്രദമായ അനുഭവമാണെന്ന് ഈ ആത്മാക്കൾ അറിയുന്നില്ല. അങ്ങയുടെ കരുണയുടെ സമൃദ്ധിയെ പുകഴ്ത്തുവാൻ ഇവർക്കും വരമേകണമേ എപ്പോഴും എന്നേക്കും ആമേൻ.
1 സ്വ. 1 നന്മ. 1 ത്രീത്വ.
കരുണയുടെ ജപമാല ....
കാരുണ്യത്തിന്റെ ലുത്തിനിയ …
അഞ്ചാം ദിവസം
'മത നിന്ദകരെയും ശീശ്മക്കാരെയും ഇന്ന് എന്റെ അടുക്കൽ കൊണ്ടുവരിക എന്റെ കരുണക്കടലിൽ അവരെ മുക്കിയെടുക്കുക. എന്റെ കഠിന വേദനയുടെ സമയത്ത് സഭയാകുന്ന എന്റെ ശരീരത്തെയും ഹൃദയത്തെയും അവർ കീറിമുറിച്ചു. അവർ സഭയുമായി ഐക്യത്തിലേക്ക് തിരിച്ചുവരുമ്പോൾ എന്റെ മുറിവുകൾ സുഖപ്പെടുകയും അങ്ങനെ എന്റെ സഹനം കുറയുകയും ചെയ്യും.
(ഖണ്ഡിക 1218)
(നിയോഗം : സത്യസഭയിൽ നിന്ന് വേർപിരിഞ്ഞുപോയ സഹോദരങ്ങൾ തിരിച്ചുവരുന്നതിനും ദൈവത്തിന്റെ കരുണയിൽ നിറയപ്പെട്ട് ദൈവത്തെ മഹത്വപ്പെടുത്തുന്നതിനും വേണ്ടി പ്രാർത്ഥിക്കുക.)
ഏറ്റവും കരുണയുള്ള ഈശോയെ! നന്മയുടെ ഉറവിടമേ.അങ്ങേ പ്രകാശം അന്വേഷിക്കുന്നവരെ അവിടുന്ന് നിരസിക്കുകയില്ലല്ലോ. സത്യസഭയിൽ നിന്ന് വേർപിരിഞ്ഞുപോയ സഹോദരങ്ങളുടെ ആത്മാക്കളെ അങ്ങയുടെ ദയാപൂർണമായ ഹൃദയത്തിൽ സ്വീകരിക്കണമേ. അങ്ങയുടെ പ്രകാശം നൽകി സഭയുടെ ഐക്യത്തിലേക്ക് അവരെ ആനയികേ ണമേ. സഹതാപ സമ്പൂർണ്ണമായ അങ്ങയുടെ ഹൃദയത്തിൽ നിന്ന് അകന്നുപോകുവാൻ അവരെ അനുവദിക്കരുതേ. പകരം അവർക്കവിടെ സ്ഥാനം നൽകി അങ്ങയുടെ കൃപാസമൃദ്ധിയെ പുകഴ്ത്തുവാനിടയാകട്ടെ.
നിത്യനായ പിതാവേ! വിശ്വാസത്തിൽനിന്ന് വേർപിരിഞ്ഞുപോയ സഹോദര ങ്ങളുടെ മേൽ പ്രത്യേകിച്ച് അങ്ങയുടെ പ്രസാദവരങ്ങളെ നിരസിച്ച് മനഃപൂർവ്വം തെറ്റിൽ നിലനിൽക്കുന്നവരുടെ മേൽ അങ്ങയുടെ ദയാദൃഷ്ടി തിരിക്കണമേ. അവരുടെ തെറ്റുകളെ അങ്ങ് പരിഗണിക്കരുതേ. അങ്ങയുടെ പുത്രന് അവരോടുളള സ്നേഹവും അവർക്കുവേണ്ടി ഏറ്റ സഹനവും അവർക്കു ഈശോയുടെ ദയാസമൃദ്ധമായ ഹൃദയത്തിലുളള സ്ഥാനവും അങ്ങു പരിഗണിക്കണമേ. അങ്ങയുടെ മഹനീയമായ കരുണയെ പാടിപ്പുകഴ്ത്തുവാൻ അവരെയും അങ്ങേ സവിധത്തിലേക്ക് അടുപ്പിക്കണമേ എപ്പോഴും എന്നേക്കും ആമേൻ,
1 സ്വ. 1 നന്മ. 1 ത്രീത്വ.
കരുണയുടെ ജപമാല ....
കാരുണ്യത്തിന്റെ ലുത്തിനിയ …
ആറാം ദിവസം
'എളിമയും ശാന്തതയുമുളളവരെയും കൊച്ചുകുട്ടികളുടെയും ആത്മാക്കളെ ഇന്ന് എന്റെ സമീപത്തു കൊണ്ടുവരിക അവരെ എന്റെ കരുണക്കടലിൽ മുക്കിയെടുക്കുക. എന്റെ ഹൃദയവുമായി ഏറ്റവും അടുത്ത സാരൂപ്യമുള്ളവരാണവർ.അവരാണ് എന്റെ അതികഠിനമായ വേദനയിൽ എന്നെ ശക്തിപ്പെടുത്തിയത്. എന്റെ അൾത്താരയിൽ ശ്രദ്ധാപൂർവ്വം ശുശ്രൂഷിക്കുന്ന ഭൂമിയിലെ മാ ലാഖമാരായി ഞാനവരെ കണ്ടു. പ്രസാദവരങ്ങളുടെ സർവ്വസമ്പത്തും ഞാനവരുടെ മേൽ വർഷിക്കുന്നു. എളിമയുളള ഹൃദയത്തിനു മാത്രമേ എന്റെ കൃപകൾ സ്വീകരിക്കുവാൻ സാധിക്കു എന്ന ഉറപ്പ് അവരിൽ നിക്ഷേപിച്ചു കൊണ്ടു ഞാൻ എളിയ ആത്മാക്കളെ അനുഗ്രഹിക്കുന്നു.
(ഖണ്ഡിക 1220)
(നിയോഗം : എളിമയും, ശാന്തതയും ഉളളവരുടെയും കൊച്ചുകുട്ടികളുടെയും ആത്മാക്കൾക്കായും അവരുടെമേൽ ദൈവത്തിന്റെ പ്രസാദവരങ്ങളും സർവ്വസമ്പത്തും വർഷിക്കപ്പെടുന്ന തിനായും പ്രാർത്ഥിക്കുക.)
ഏറ്റവും കരുണയുള്ള ഈശോ! ഞാൻ ശാന്തശീലനും വിനീതനുമാകയാൽ എന്നിൽ നിന്ന് പഠിക്കുവിൻ" എന്ന് അങ്ങ് തന്നെ അരുളിചെയ്തിട്ടുണ്ടല്ലോ. വിനീത ഹൃദയരുടെയും ശിശുക്കളുടെയും ആത്മാക്കളെ അങ്ങയുടെ കുരുണ നിർഭരമായ ഹൃദയത്തിൽ സ്വീകരിക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവിന്റെ പ്രിയപ്പെട്ടവരും, സ്വർഗ്ഗത്തെ മുഴുവൻ ആനന്ദിപ്പിക്കുന്ന വരും ഈ ആത്മക്കളാണ്. ദൈവസിംഹാസനത്തിന് മുമ്പാകെ പരിമളം പരത്തുന്ന പൂച്ചേ ണ്ടുകളാണിവർ. അവരുടെ വിശുദ്ധിയുടെ പരിമളത്താൽ ദൈവം തന്നെ സന്തോഷിക്കുന്നു. ഈശോയുടെ കനിവു നിറഞ്ഞ ഹൃദയം ഈ ആത്മാക്കൾക്കൊരു നിത്യഗേഹമാണല്ലോ. സ്നേഹത്തിന്റെയും കരുണയുടെയും മധുരഗാനം അവർ എപ്പോഴും പാടിക്കൊണ്ടിരിക്കുകയും ചെയ്യട്ടെ.
നിത്യനായ പിതാവേ! കനിവിന്നുറവയായ ഈശോയുടെ ഹൃദയത്തിൽ മറഞ്ഞിരിക്കുന്ന കൊച്ചുകുട്ടികളുടെ ശാന്തതയും എളിമയുമുള്ള ആത്മാക്കളുടെമേൽ അങ്ങയുടെ ദയാദൃഷ്ടി പതിപ്പിക്കണമേ. അങ്ങേ പുത്രന്റെ ഏറ്റവും അടുത്ത പ്രതിഛായകളാണവർ. ഭൂമിയിൽ നിന്നുയരുന്ന അവരുടെ സുഗന്ധം സ്വർഗ്ഗത്തിൽ അങ്ങയുടെ സിംഹാസനംവരെ എത്തുന്നു. കരുണയുടെ പിതാവേ! സർവ്വ നന്മകളുടെയും ഉറവിടമേ, ഈ ആത്മാക്കളോടുള്ള അങ്ങയുടെ സ്നേഹത്തെ പ്രതിയും അങ്ങേക്കിവരിലുള്ള പ്രസാദത്തെപ്രതിയും ഞാൻ യാചിക്കുന്നു. ലോകം മുഴുവനെയും അങ്ങ് അനുഗ്രഹിക്കണമേ. അങ്ങനെ എല്ലാ ആത്മാക്കളുമൊന്നിച്ച് അങ്ങയുടെ കരുണയുടെ സ്തുതികൾ പാടിപ്പുകഴ്ത്തുവാൻ ഇടവരട്ടെ. എപ്പോഴും എന്നേക്കും. ആമേൻ
1 സ്വ. 1 നന്മ. 1 ത്രീത്വ.
കരുണയുടെ ജപമാല ....
കാരുണ്യത്തിന്റെ ലുത്തിനിയ …
ഏഴാംദിവസം
“എന്റെ കരുണയെ മഹത്വപ്പെടുത്തുകയും, വാഴ്ത്തുകയും ചെയ്യുന്നവരുടെ ആത്മാക്കളെ ഇന്ന് എന്റെ അടുക്കൽ കൊണ്ടുവരിക. എന്റെ കരുണക്കടലിൽ അവരെ മുക്കിയെടുക്കുക. എന്റെ സഹനത്തിൽ എറ്റവുമധികം ദുഷിക്കുകയും എന്റെ ചൈതന്യം ആഴത്തിൽ ഗ്രഹിക്കുകയും ചെയ്തിട്ടുള്ളവരാണിവർ. ദയാപൂർണ്ണമായ എന്റെ ഹൃദയത്തിന്റെ ജീവിക്കുന്ന പ്രതിരൂപങ്ങളാണിവർ. ഈ ലോകജീവിതത്തിനു ശേഷം സവിശേഷമായ ഒരു ശോഭയോടെ അവർ പ്രകാശിതരാകും. നരകത്തീയിൽ അവരാരും നിപതിക്കില്ല. മരണസമയത്ത് അവർ ഒരോരുത്തരെയും പ്രത്യേകമായി ഞാൻ സംരക്ഷിക്കും. ''
(ഖണ്ഡിക 1224)
(നിയോഗം: ദൈവത്തിന്റെ കരുണയെ മഹത്വപ്പെടുത്തുകയും വാഴ്ത്തുകയും ചെയ്യുന്ന ദിവ്യ കാരുണ്യ ഭക്തർക്കായും ഈശോയുടെ ചൈതന്യം ആഴത്തിൽ ഗ്രഹിച്ച് സ്വന്തമാക്കി നിത്യജീവനിൽ മഹിമയോടെ പ്രവേശിക്കുന്നതിനായും പ്രാർത്ഥിക്കുക.)
ഏറ്റവും കരുണയുള്ള ഈശോയെ! അങ്ങയുടെ ഹൃദയം സ്നേഹം തന്നെയാ ണല്ലോ. അങ്ങയുടെ കരുണയുടെ ആഴത്തെ പുകഴ്ത്തുന്നവരുടെ ആത്മാക്കൾക്ക് അങ്ങയുടെ ഹൃദയത്തിൽ അഭയം നൽകണമേ. ദൈവത്തിന്റെ തന്നെ ശക്തി സ്വീകരിച്ച് ശ്രേഷ്ഠത നിറഞ്ഞവരാണ് ആത്മാക്കൾ ദുഃഖങ്ങളുടെ നടുവിലും അങ്ങയുടെ കാരുണ്യത്തിൽ ആശ്രയിച്ച് അവർ മുന്നോട്ട് പോകുന്നു.
ഈശോയുമായി ഐക്യപ്പെട്ടിരിക്കുന്ന ഈ ആത്മാ ക്കൾ,മാനവലോകത്തെ മുഴുവൻ തങ്ങളുടെ മാദ്ധ്യസ്ഥം വഴിയായി തോളുകളിൽ സംവഹിക്കുന്നു. ഈ ആത്മാക്കൾ കഠിനമായി വിധിക്കപ്പെടുകയില്ലല്ലോ. ഈ ജീവിതത്തിൽനിന്നു പിരിയുമ്പോൾ അങ്ങയുടെ കരുണ അവരെ ആലിംഗനം ചെയ്ത് സ്വീകരിക്കുമല്ലോ.
നിത്യനായ പിതാവേ! ഈശോയുടെ കരുണയുള്ള ഹൃദയത്തിലെ അംഗങ്ങളിൽ അങ്ങയുടെ ദയാദൃഷ്ടി പതിക്കണമേ. ജീവിക്കുന്ന സുവിശേഷങ്ങളാണ് ആത്മാക്കൾ കരു ണയുടെ പ്രവർത്തികളാൽ അവരുടെ ഹൃദയം നിറഞ്ഞിരിക്കുന്നു.സന്തോഷത്താൽ നിറഞ്ഞു തുളുമ്പുന്ന അവരുടെ ഹൃദയം അത്യുന്നതന്റെ കാരുണ്യ സ്തോത്രം ആലപിക്കുന്നു. അങ്ങിൽ അവർ സമർപ്പിച്ചിരിക്കുന്ന പ്രതീക്ഷക്കും ശരണത്തിനും അനുസൃതമായി അവരോട് കരുണകാണിക്കണമേയെന്ന് ഞാൻ അങ്ങയോട് യാചിക്കുന്നു. അങ്ങയുടെ അളവില്ലാത്ത കരുണയെ പുകഴ്ത്തുന്നവരെ ജീവിതകാലത്തും പ്രത്യേകിച്ച് മരണസമയത്തും സംരക്ഷിക്കുമെന്ന വാഗ്ദാനം അവരിൽ പൂർത്തിയാകട്ടെ എപ്പോഴും എന്നേക്കും. ആമേൻ,
1 സ്വ. 1 നന്മ. 1 ത്രീത്വ.
കരുണയുടെ ജപമാല ....
കാരുണ്യത്തിന്റെ ലുത്തിനിയ …
എട്ടാംദിവസം
"ശുദ്ധീകരണസ്ഥലത്ത് അടയ്ക്കപ്പെട്ടിരിക്കുന്ന ആത്മാക്കളെ ഇന്ന് എന്റെ അടുക്കൽ കൊണ്ടുവരിക. എന്റെ കരുണാസാഗരത്തിൽ അവരെ മുക്കിയെടുക്കുക. അവരെ പീഡിപ്പിക്കുന്ന തീജ്വാലകളെ എന്റെ രക്തത്തിന്റെ പ്രവാഹം തണുപ്പിക്കട്ടെ. ഈ ആത്മാക്കളെ ഞാൻ വളരെയധികം സ്നേഹിക്കുന്നു. എന്റെ നീതിക്കു സാക്ഷ്യം വഹിക്കുന്നവരാണവർ. അവർക്ക് ആശ്വാസം നൽകുവാനുള്ള ശക്തി നിങ്ങളിലാണുള്ളത്. എന്റെ സഭയുടെ ഭണ്ഡാരത്തിലുള്ള എല്ലാ ദണ്ഡവിമോചനങ്ങളും സമാഹരിച്ച് അവർക്കുവേണ്ടി സമർപ്പിക്കുക. അവർ സഹിക്കുന്ന വേദനകൾ നീ അറിഞ്ഞിരുന്നുവെങ്കിൽ നീ നിന്റെ ആത്മാവിന്റെ ദാനങ്ങൾ അവർക്കുവേണ്ടി സമർപ്പിച്ച് എന്റെ നീതിയിൽ അവരുടെ കടങ്ങൾ വീട്ടു മായിരുന്നു.
(ഖണ്ഡിക 1226)
(നിയോഗം: ഈശോ വളരെയധികം സ്നേഹിക്കുന്ന ശുദ്ധീകരണാത്മാക്കളുടെ നീറുന്ന മന സ്സുകൾ അവിടത്തെ തിരുരക്തം കൊണ്ട് ആശ്വസിക്കപ്പെടുന്നതിനായി പ്രാർത്ഥിക്കുക.)
ഏറ്റവും കരുണയുളള ഈശോയെ കരുണയാണ് അങ്ങ് ആഗ്രഹിക്കുന്നത് എന്നരുളിചെയ്തിട്ടുണ്ടല്ലോ. ശുദ്ധീകരണസ്ഥലത്തുള്ള എല്ലാ ആത്മാക്കളെയും അങ്ങയുടെ സഹതാപാർദ്രമായ ഹൃദയത്തിൽ ഞാൻ സമർപ്പിക്കുന്നു. അങ്ങേക്ക് വളരെ പ്രിയപ്പെട്ടവരെങ്കിലും അങ്ങയുടെ നീതി പൂർത്തിയാക്കേണ്ടവരാണിവർ. അങ്ങയുടെ ഹൃദയത്തിൽ നിന്ന് പുറപ്പെട്ട രക്തവും ജലവും അവരെ ശുദ്ധീകരിക്കുന്ന അഗ്നിജ്വാലകളെ ശമിപ്പിക്കട്ടെ. അങ്ങനെ അങ്ങയുടെ കരുണയുടെ ശക്തി അവിടെയും പുകഴ്ത്തപ്പെടട്ടെ.
നിത്യനായ പിതാവേ ! ഈശോയുടെ ദയനിറഞ്ഞ ഹൃദയത്തിൽ സ്ഥാനമുളള ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളുടെമേൽ അങ്ങയുടെ കരുണാകടാക്ഷം ഉണ്ടാകണമേ. ഈശോ സഹിച്ച കയ്പ്പു നിറഞ്ഞ ക്ലേശങ്ങളേയും ആത്മാവിൽ നിറഞ്ഞ എല്ലാ സഹനങ്ങളേയും പ്രതി ഞാൻ അങ്ങയോട് യാചിക്കുന്നു. നീതി വിധിക്കു വിധേയരായിരിക്കുന്ന ആത്മാക്കളുടെ മേൽ അങ്ങയുടെ കാരുണ്യം വർഷിക്കണമേ. അങ്ങയുടെ പ്രിയപുത്രനായ ഈശോയുടെ തിരുമുറിവുകളിലൂടെ മാത്രം അങ്ങ് അവരെ നോക്കണമേ. അങ്ങയുടെ ദയയ്ക്കും നന്മയ്ക്കും അതിരുകളില്ലെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ആമേൻ.
1 സ്വ. 1 നന്മ. 1 ത്രീത്വ.
കരുണയുടെ ജപമാല ....
കാരുണ്യത്തിന്റെ ലുത്തിനിയ …
ഒമ്പതാം ദിവസം
മന്ദതയിൽ നിപതിച്ച ആത്മാക്കളെ ഇന്ന് എന്റെ അടുക്കൽ കൊണ്ടുവരിക എന്റെ കരുണക്കടലിൽ അവരെ മുക്കിയെടുക്കുക എന്റെ ഹൃദയത്തെ വളരെ വേദനാജനകമായി അവർ മുറിവേല്പിക്കുന്നു. ഒലിവ് തോട്ടത്തിൽ വച്ച് എന്റെ ഹൃദയം തീവ്ര വേദനയിൽ വലഞ്ഞത് മന്ദഹൃദയരെ പ്രതിയാണ്. 'അങ്ങ് തിരുമനസ്സാകുന്നുവെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് അകറ്റണമേ എന്നു ഞാൻ പ്രാർഥിച്ചു പോയത് അവർ മൂലമാണ്. എന്റെ കാരുണ്യത്തിലേക്ക് ഓടിയെത്തുകയാണ് അവർക്കുള്ള അവസാനത്തെ പ്രതീക്ഷ
(ഖണ്ഡിക 1228)
(നിയോഗം മന്ദത ബാധിച്ച ആത്മാക്കളുടെ രക്ഷയ്ക്കായും അവർ ഈശോയുടെ കരുണയിൽ നിറയപ്പെട്ട് ആത്മാവിന്റെ വരദാനഫലങ്ങളാൽ പൂരിതരാകുന്നതിനുവേണ്ടി പ്രാർത്ഥിക്കുക.)
ഏറ്റവും കരുണാർദ്രനായ ഈശോയെ! അങ്ങു കാരുണ്യം തന്നെയാകുന്നു. അങ്ങയുടെ കനിവു നിറഞ്ഞ ഹൃദയത്തിലേക്ക് മന്ദത ബാധിച്ച ആത്മാക്കളെ ഞാൻ കൊണ്ടുവരുന്നു. ജീവനറ്റ ശരീരങ്ങളെപ്പോലെ ആറിത്തണുത്ത ഈ ആത്മാക്കളെ അങ്ങയുടെ സ്നേഹാഗ്നി ജ്വാലയാൽ ഒരിക്കൽക്കൂടി എരിയിക്കണമേ. ഏറ്റവും കാരുണ്യമുള്ള ഈശോയെ അങ്ങയുടെ കാരുണ്യത്തിന്റെ മഹനീയ ശക്തി ഇവരിൽ പ്രവർത്തിപ്പിക്കണമേ. അങ്ങയുടെ സ്നേഹ തീഷ്ണതയിലേക്ക് ഇവരെ ആനയിക്കണമേ. പരിശുദ്ധമായ സ്നേഹത്തിന്റെ ദാനം അവരിൽ ചൊരിയണമേ എന്തെന്നാൽ യാതൊന്നും അങ്ങയുടെ ശക്തിക്ക് അതീതമല്ലല്ലോ.
നിത്യനായ പിതാവേ! ഏറ്റവും ദയയുള്ള ഈശോയുടെ തിരുഹൃദയത്തിൽ സ്ഥാന മുളള മന്ദത ബാധിച്ച ഈ ആത്മാക്കളുടെ മേൽ അങ്ങയുടെ ദയാദൃഷ്ടി പതിപ്പിക്കണമേ. കാരുണ്യത്തിന്റെ പിതാവേ അങ്ങേ പുത്രന്റെ കയ്പേറിയ പീഢകളെപ്രതിയും കുരിശിലെ മൂന്നു മണിക്കൂർ സമയത്തെ സഹനത്തെപ്രതിയും ഞാൻ അങ്ങയോട് യാചിക്കുന്നു. അവരും അങ്ങയുടെ അഗാധ കാരുണ്യത്തെ മഹത്വപ്പെടുത്തുവാനിടയാകട്ടെ. ആമേൻ.
1 സ്വ. 1 നന്മ. 1 ത്രീത്വ.
കരുണയുടെ ജപമാല ....
കാരുണ്യത്തിന്റെ ലുത്തിനിയ …
കാരുണ്യത്തിന്റെ ലുത്തിനിയ
സംശയിക്കുന്ന ആത്മാക്കൾ ദൈവകരുണയെ കുറിച്ചുള്ള ഈ വിശേഷണങ്ങൾ വായിച്ചു ദൈവകരുണയിൽ ശരണപെടുക.
(ഖണ്ഡിക 949)
✝പ്രതിവചനം: ഞാൻ അങ്ങയിൽ ശരണപ്പെടുന്നു)
പിതാവിന്റെ മടിയിൽനിന്നു പുറപ്പെടുന്ന ദൈവകാരുണ്യമേ,
ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
ദൈവത്തിന്റെ ഏറ്റവും വലിയ വിശേഷണമായ ദൈവകാരുണ്യമേ,
ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
മനസ്സിലാക്കാനാവാത്ത മഹാരഹസ്യമായ ദൈവകാരുണ്യമേ,
ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യത്തിൽനിന്നു പുറപ്പെടുന്ന ദൈവകാരുണ്യമേ,
ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
മാനുഷികമോ, അമാനുഷികമോ ആയ ബുദ്ധിക്ക് അളക്കാനാവാത്ത ദൈവകാരുണ്യമേ,
ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
എല്ലാ ജീവനും സന്തോഷവും പുറപ്പെടുന്ന ഉറവയായ ദൈവകാരുണ്യമേ,
ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
സ്വർഗ്ഗത്തേക്കാൾ മഹനീയമായ ദൈവകാരുണ്യമേ,
ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
അത്ഭുതങ്ങളുടെ ഉറവയായ ദൈവകാരുണ്യമേ,
ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
പ്രപഞ്ചത്തെ മുഴുവൻ ഉൾക്കൊള്ളുന്ന ദൈവകാരുണ്യമേ,
ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
മാംസം ധരിച്ച വചനത്തിലൂടെ ഭൂമിയിലേയ്ക്ക് ഇറങ്ങിവന്ന ദൈവകാരുണ്യമേ,
ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
ഈശോയുടെ തുറക്കപ്പെട്ട ഹൃദയത്തിൽനിന്ന് ഒഴുകിയിറങ്ങിയ ദൈവകാരുണ്യമേ,
ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
ഈശോയുടെ ഹൃദയത്തിൽ ഞങ്ങൾക്കായി ഉൾക്കൊണ്ടിരിക്കുന്ന ദൈവകാരുണ്യമേ,
ഞാൻ അങ്ങിൽ ശരണപ്പെടുന്നു..
വിശുദ്ധ കുർബ്ബാനയിൽ അടങ്ങിയിരിക്കുന്ന ദൈവകാരുണ്യമേ,
ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
പരിശുദ്ധ സഭയുടെ സ്ഥാപനത്തിൽ അടങ്ങിയിരിക്കുന്ന ദൈവകാരുണ്യമേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു. മാമ്മോദീസായിൽ അടങ്ങിയിരിക്കുന്ന ദൈവകാരുണ്യമേ,
ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
ഈശോയിലുള്ള ഞങ്ങളുടെ നീതീകരണമായ ദൈവകാരുണ്യമേ,
ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
ജീവിതം മുഴുവൻ ഞങ്ങളെ അനുഗമിക്കുന്ന ദൈവകാരുണ്യമേ,
ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
പ്രത്യേകമായി മരണസമയത്തു ഞങ്ങളെ ആശ്ലേഷിക്കുന്ന ദൈവകാരുണ്യമേ,
ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
അമർത്യത നല്കി ഞങ്ങളെ ശക്തരാക്കുന്ന ദൈവകാരുണ്യമേ,
ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
ഞങ്ങളുടെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ഞങ്ങളെ അനുഗമിക്കുന്ന ദൈവകാരുണ്യമേ,
ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
നരകത്തിന്റെ തീയിൽനിന്നും ഞങ്ങളെ സംരക്ഷിക്കുന്ന ദൈവകാരുണ്യമേ,
ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
കഠിനപാപികളുടെ മാനസാന്തരത്തിൽ പ്രവർത്തിക്കുന്ന ദൈവകാരുണ്യമേ,
ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
മാലാഖമാർക്ക് അത്ഭുതവും വിശുദ്ധർക്ക് അഗ്രാഹ്യവുമായ ദൈവകാരുണ്യമേ,
ഞാൻ അങ്ങിൽ ശരണപ്പെടുന്നു..
ദൈവത്തിന്റെ എല്ലാ രഹസ്യങ്ങളിലും വച്ച് ഏറ്റവും ആഴമേറിയ ദൈവകാരുണ്യമേ,
ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
എല്ലാ ദുരിതങ്ങളിൽ നിന്നും ഞങ്ങളെ സമുദ്ധരിക്കുന്ന ദൈവകാരുണ്യമേ,
ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
നമ്മുടെ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ഉറവിടമായ ദൈവകാരുണ്യമേ,
ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
ഇല്ലായ്മയിൽനിന്ന് അസ്തിത്വത്തിലേക്കു ഞങ്ങളെ വിളിച്ച ദൈവകാരുണ്യമേ,
ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
ദൈവത്തിന്റെ കരവേലകളെയെല്ലാം അതിശയിക്കുന്ന ദൈവകാരുണ്യമേ,
ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
ദൈവത്തിന്റെ പ്രവൃത്തികളുടെയെല്ലാം മകുടമായ ദൈവകാരുണ്യമേ,
ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
നാമെല്ലാവരും എപ്പോഴും മുഴുകിയിരിക്കുന്ന ദൈവകാരുണ്യമേ,
ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
വേദനിക്കുന്ന ഹൃദയങ്ങൾക്കുള്ള മധുരാശ്വാസമായ ദൈവകാരുണ്യമേ,
ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
നിരാശ നിറഞ്ഞ ആത്മാക്കളുടെ ഏക പ്രതീക്ഷയായ ദൈവകാരുണ്യമേ,
ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
ഭയത്തിന്റെ മധ്യത്തിൽ ഹൃദയാശ്വാസമായ ദൈവകാരുണ്യമേ,
ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
വിശുദ്ധാത്മാക്കളുടെ ആനന്ദവും ഹർഷപാരവശ്യവുമായ ദൈവകാരുണ്യമേ,
ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
എല്ലാ പ്രവൃത്തികൾക്കും പ്രചോദനമേകുന്ന പ്രതീക്ഷയായ ദൈവകാരുണ്യമേ,
ഞാൻ അങ്ങിൽ ശരണപ്പെടുന്നു.
കർത്താവിന്റെ എല്ലാ സൃഷ്ടികളിലും അവിടുത്തെ മൃദുവായ കരുണ പരന്നിരിക്കുന്നു. കർത്താവിന്റെ കരുണ ഞാനെന്നും പാടിപ്പുകഴ്ത്തും.
പ്രാർത്ഥിക്കാം
ദൈവമേ അങ്ങയുടെ കരുണ അനന്തവും അങ്ങയുടെ ദയ വറ്റാത്തതുമാണല്ലോ. ദയാപൂർവ്വം ഞങ്ങളെ നോക്കണമേ. ഞങ്ങളുടെമേൽ അങ്ങയുടെ കരുണ വർദ്ധിപ്പിക്കണമേ. അങ്ങനെ ഞങ്ങളുടെ വലിയ പരീക്ഷകളിൽ മനം മടുക്കാതെ അങ്ങയുടെ തിരുമനസ്സുതന്നെയായ കാരുണ്യത്തിനു ഞങ്ങൾ വിധേയരാകട്ടെ. കാരുണ്യത്തിന്റെ രാജാവും അങ്ങയോടും പരിശുദ്ധാത്മാവോടും കൂടെ വസിക്കുന്നവനുമായ ഞങ്ങളുടെ കർത്താവായ ഈശോ ഞങ്ങൾക്കു കാരുണ്യം പകർന്നു തരട്ടെ. എപ്പോഴും എന്നേക്കും ആമേൻ.
This post features the full Malayalam text of the Divine Mercy Novena (കരുണയുടെ നൊവേന), including all 9 days with prayers, intentions, and meditations. Ideal for personal devotion during Divine Mercy Sunday or the nine days leading up to it. Perfect for Malayalam-speaking Catholics seeking the traditional novena in their native language.
No comments:
Post a Comment